
സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള മറുപടി പ്രകാരം, 2024 സാമ്പത്തിക വർഷത്തിൽ രണ്ടു ഗഡു ഡിഎയാണ് അനുവദിച്ചിരുന്നത്.
2021 ജനുവരി മുതൽ സംസ്ഥാന ജീവനക്കാർക്ക് നൽകാനുള്ള ഡിഎ (ഡിയർനെസ് അലവൻസ്) കുടിശ്ശിക വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് വ്യക്തമാക്കാൻ നിർദ്ദേശം നൽകി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ. എറണാകുളത്തെ അഡീഷണൽ ബെഞ്ചാണ് മാർച്ച് 25-നു പുറപ്പെടുവിച്ച നിർദേശത്തിൽ, ധനവകുപ്പിനോട് വിശദീകരണവുമായി കോടതിയിൽ ഹാജരാകാൻ നിർദേശം നൽകിയിരിക്കുന്നത്.
കേരള എൻജിഒ സംഘം ഉൾപ്പെടെ അഞ്ച് അപേക്ഷകരാണ് OA No. 1724/2023 എന്ന ആവശ്യം ട്രിബ്യൂണലിൽ ഉന്നയിച്ചത്. മുതിർന്ന അഭിഭാഷകൻ ഡോ. കെ.പി. സതീശന്റെ നേതൃത്വത്തിലുള്ള നിയമസംഘമാണ് അപേക്ഷകരെ പ്രതിനിധീകരിച്ചത്.
ജസ്റ്റിസ് പി.വി. ആശ (ജുഡീഷ്യൽ മെംബർ)യും ഡോ. പ്രദീപ് കുമാർ (അഡ്മിനിസ്ട്രേറ്റീവ് മെംബർ)എന്നിവർ അടങ്ങിയ ബെഞ്ചാണ് ഇരുപത് മാസത്തിലേറെ കാലമായി കുടിശ്ശികയായ ഡിഎ തുക ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള അവകാശമായതിനാൽ, അത് അനിശ്ചിതമായി നീട്ടാനാകില്ലെന്ന് വ്യക്തമാക്കിയത്.
സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള മറുപടി പ്രകാരം, 2024 സാമ്പത്തിക വർഷത്തിൽ രണ്ടു ഗഡു ഡിഎയാണ് അനുവദിച്ചിരുന്നത്. പുതിയ ഗഡു ഏപ്രിൽ 2025 മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചതും കോടതി നിരീക്ഷിച്ചു. എന്നാൽ 2021 ജനുവരിയിൽ മുതൽ കുടിശ്ശികയായ ഡിഎ ആവശ്യങ്ങൾ പരിഹരിക്കപ്പെടുന്നില്ലെന്നത് അതീവ ഗുരുതരമായ വിഷയമാണെന്നും കോടതി ചൂണ്ടികാട്ടി.
“ഡിഎ ജീവനക്കാരന്റെ വേതനത്തിന്റെ അവിഭാജ്യഘടകമാണ്. സാമ്പത്തിക പ്രതിസന്ധിയെന്ന പേരിൽ അതിന്റെ വിതരണം അനിശ്ചിതമായി നീട്ടാൻ കഴിയില്ല” – കോടതി വ്യക്തമാക്കി.
കുടിശ്ശിക തുക എപ്പോൾ, എങ്ങനെ, പൂർണമായോ ഭാഗികമായോ അനുവദിക്കുമെന്ന് വ്യക്തമാക്കുന്ന വിശദമായ പ്രസ്താവന സമർപ്പിക്കണമെന്ന് ധനവകുപ്പിനോട് കോടതി നിർദേശ നൽകി.. കോടതി അവധിക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.
സംസ്ഥാന ജീവനക്കാരും പെൻഷൻകാരും പ്രതീക്ഷയോടെയാണ് കോടതിയുടെ നിർദേശത്തെ വരവേറ്റത്. വിവിധ യൂണിയനുകളും സംഘടനകളും ഇതിനകം തന്നെ സർക്കാർ നിലപാട് സംബന്ധിച്ച് കടുത്ത വിമർശനം ഉന്നയിച്ചിരിക്കുകയാണ്.











